ആനുകാലികസാഹിത്യം

മനുഷ്യാ, നീ മണ്ണാകുന്നു


ലാവണ്യോന്മുഖമായ സൃഷ്ടിപരത എന്ന പ്രകൃതിനിയമത്തിന്റെ വഴിമരുന്നാണ് മിക്കപ്പോഴും കല. വായനയിലാണ് സാഹിത്യം അതിന്റെ ഫുല്ലപ്രകൃതിയാർജ്ജിക്കുന്നതെങ്കിലും എഴുത്തുകാരന്റെ വാക്കുകളാണ് അതിലേയ്ക്ക് വഴിതെളിക്കുന്നത്.

ഭാഷാസ്വാധീനവും നിരീക്ഷണപാടവവും സഹജാവബോധവുമുള്ള ഒരെഴുത്താൾ കഥയെഴുതുമ്പോൾ എങ്ങനെ സ്വാഭാവികമായും ആ കഥയ്ക്ക് ലാളിത്യത്താൽ മൂടിവെയ്ക്കപ്പെട്ട സങ്കീർണ്ണത ഉണ്ടാവുകയും വായനക്കാർക്ക് അത് ആപാദമധുരവും അതേ സമയം ആലോചനാമൃതവുമാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പ്രിയ എ എസിന്റെ മൃണ്മയി എന്ന കഥ.

മൃണ്മയി എന്ന പേര് നായികയ്ക്ക് കിട്ടിയത് ഒരു സിനിമയിൽ നിന്നാണെന്ന് കഥയിൽത്തന്നെ പറഞ്ഞ് അതിന്റെ പ്രാധാന്യം കഥാകാരി തന്നെ മൂടി വെച്ചിരിക്കുന്നു. അതേ സമയം ആ പേരിലേക്ക് വിരൽ ചൂണ്ടുന്നുമുണ്ട് കഥയിൽത്തന്നെ. മൃണ്മയം എന്നത് ഭൂമിയോ ചന്ദ്രനോ മനുഷ്യനോ മൃണ്മയിയുടെ കൈവളകളോ ആകാം. എല്ലാം മണ്ണ് കൊണ്ട് ഉണ്ടാക്കപ്പെട്ടത്. ജീവിതത്തിന്റെ നൈമിഷികതയും അന്ത:സ്സാരശൂന്യതയും വെളിവാക്കുന്ന മറ്റൊന്നാണ് സിനിമകളെക്കുറിച്ചുള്ള ചർച്ചകൾ. നാടകം മാത്രമുണ്ടായിരുന്ന കാലത്ത് നാടകമേ ഉലകം എന്ന് പറഞ്ഞത് സിനിമയുടെ കാലത്ത് സിനിമ പോലെയാണ് ജീവിതം എന്ന് മാറ്റിപ്പറയേണ്ടേ!

മാതൃഭൂമി ഇതിന്റെ ശബ്ദരേഖ കൂടി പ്രസിദ്ധീകരിച്ചത് നന്നായി. കഥാകാരിയുടെ തന്നെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഓരോരോ പ്രയോഗങ്ങൾക്ക് കഥാകാരി ഉദ്ദേശിച്ച പ്രത്യേകമായ അർത്ഥങ്ങൾ വളരെ വ്യക്തമാകുന്നുമുണ്ട്.

“സിനിമാലോകത്തെ വിശേഷങ്ങൾ വേറെ ആരോട് പറയാൻ” എന്ന വളരെ സ്വാഭാവികവും നിസ്സാരവുമായൊരു വാചകത്തിലൂടെ മൃണ്മയിയുടെ ആൾക്കൂട്ടത്തിലെ ഏകാന്തത നന്നായി സൂചിപ്പിച്ചിരിക്കുന്നു. കഥയുടെ ഗുണനിലവാരം കൊണ്ട് “സീ യു സൂൺ” എന്ന സിനിമയുടെ പേര് പോലും വായനക്കാരന്റെ മനസ്സിൽ അർത്ഥതലങ്ങൾ സൃഷ്ടിക്കുന്നു. അതേ, ഒന്നും മാറ്റിവെച്ചിട്ട് കാര്യമില്ല. ശുഭസ്യ ശീഘ്രം.

ഈ സമയവും ഈ സ്ഥലവും ഇപ്പോൾ പറയുന്ന വാക്കും ഇപ്പോൾ ചെയ്യുന്ന പ്രവുത്തിയുമാണ് ഏറ്റവും നല്ലതെന്ന് ഒരു കഥയിൽ ടോൾസ്റ്റോയ് എഴുതിയിട്ടുണ്ട് (മൂന്നു ചോദ്യങ്ങൾ എന്ന കഥ). ജീവിതത്തിന്റെ അർഥമെന്തെന്ന് ആത്മാർത്ഥമായി തിരഞ്ഞലയുന്നവർക്ക് അത് പറഞ്ഞു കൊടുക്കാൻ ആളുകൾ എവിടെ നിന്നും വരും എന്ന് ഒരു വിശ്വസമുണ്ട്. മൃണ്മയിയുടെ ജീവിതത്തിൽ അങ്ങിനെ വരുന്നത് ഒരു ടീച്ചർ തന്നെയാണ്. വേദനിക്കുവാൻ മൃൺമയിയെക്കാളും കാരണങ്ങൾ എണ്ണത്തിലും തീവ്രതയിലും അവർക്കാണ്. മൃൺമയിയെ പറഞ്ഞു കൊടുത്തു പഠിപ്പിക്കുയല്ല അവർ ചെയ്യുന്നത്. കാട്ടിക്കൊടുക്കുകയാണ് (teach by examples and not by precepts).

എഴുത്തിലുമധികം പ്രിയ എ എസ്സിന്റെ വായനയിലൂടെയാണ് ഈ കഥയുടെ “വഞ്ചനാത്മകമായ” ലാളിത്യം തെളിയുന്നത്. Art lies in concealing art എന്ന് ഷേക്സ്പിയർ തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ. ഓരോ വായനയിലും ആസ്വാദ്യകരമായ ഈ കഥ മിക്കവാറും എല്ലാവരും ഒന്നിലധികം തവണ വായിച്ചതായി അറിയുന്നു. തെല്ലും അത്ഭുതമില്ല