വായനശാല

ഇനി അവർ പറയും

by Sreekumar K

(ഇതിൽ പറയുന്ന സംഭവങ്ങൾ, കൊലപാതകം ഒഴികെ, എല്ലാം നടന്നതാണ്. കൂടുതൽ വിവരങ്ങൾ ശിവനന്ദ എഴുതിയ “മഞ്ഞു പൂത്ത വെയിൽമരങ്ങൾ” എന്ന കഥാസമാഹാരത്തിൽ കഥകളുടെ രൂപത്തിൽ കൊടുത്തിട്ടുണ്ട്. )

കൽക്കട്ടയിൽ ജോലി ചെയ്യുന്ന ഇളയ മകൻ അപ്രതീക്ഷിതമായി വീട്ടിലെത്തിയതോടെയാണ് ആക്രമണങ്ങളുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തെ സമാധാനം ഈ കൊടുങ്കാറ്റിന് വേണ്ടിയുള്ളതായിരുന്നെന്നു ഒരിക്കലും ഓർത്തിരുന്നില്ല.
രണ്ടു വർഷം മുൻപാണ് മാവൂരച്ചൻ ബിഷപ്പിന്റെ അരമനയിൽ വിളിച്ചു വരുത്തി കുടുംബത്തെ മുൻനിർത്തി ഒരു ചെറിയ ത്യാഗം ചെയ്യണമെന്നു നിർദ്ദേശിച്ചത്. ആദ്യമൊന്നും വഴങ്ങിയില്ലെങ്കിലും ഒടുവിൽ മനസില്ലാ മനസ്സോടെ സമ്മതിക്കുകയായിരുന്നു.
“റൂത്ത് ഇതിന് നീ വഴങ്ങിയേ തീരൂ. കുടുംബ ബന്ധങ്ങളുടെ കാര്യത്തിൽ സഭയ്ക്ക് ചില കാഴ്ചപ്പാടുകളൊക്കെ ഉണ്ട്. വിവാഹത്തിനു മുൻപ് കൗണ്‍സലിങ്ങിന്റെ സമയത്ത് ഞാൻ തന്നെയല്ലേ റൂത്തിനെ അതൊക്കെ ധരിപ്പിച്ചത്?”
അച്ചനന്ന് വിശദീകരി ച്ചതൊക്കെ റൂത്ത് ഓർത്തെടുക്കാൻ ശ്രമിച്ചു.
കുമാരനാശാന്റെ കവിതകളൊക്കെ ഉദ്ധരിച്ച് മാംസ നിബദ്ധമല്ല സ്ത്രീ പുരുഷ ബന്ധമെന്നൊക്കെ അച്ചൻ പറഞ്ഞത് ഓർമ്മയുണ്ട്. അന്ന് സിസ്റ്റർ സിസിലിയും അച്ചന്റെ കൂടെ ഉണ്ടായിരുന്നു. ഒരു പള്ളീലച്ചനിൽ നിന്ന് ഇതൊക്കെയല്ലേ കേൾക്കാൻ കഴിയൂ എന്ന് അന്നേ തോന്നിയിരുന്നു. അച്ചനന്നു പറഞ്ഞതൊക്കെ ആണിന്റെ അവകാശങ്ങളെക്കുറിച്ചും പെണ്ണിന്റെ ബാധ്യതകളെക്കുറിച്ചും ആയിരുന്നെന്ന് അന്നൊന്നും തിരിച്ചറിഞ്ഞിരുന്നില്ല.
അച്ചൻ പിന്നെയും തുടർന്നു
“റൂത്തെന്തായാലും ഈ കഥയെഴുത്തൊക്കെ നിർത്തണം. സാഹിത്യം അത്ര മോശമായ കാര്യമായതു കൊണ്ടല്ല ഞാനിങ്ങനെ പറയുന്നത്. റൂത്തിന്റെ സാഹചര്യം അങ്ങിനെ ആയിപ്പോയി. എന്നു വെച്ചാൽ ജോസിനു ഇതുമായി യോജിക്കാൻ കഴിയുന്നില്ല. എന്തിന്നാണിങ്ങനെ പല്ലിട കുത്തി മണപ്പിക്കുന്നതെന്നാണ് അയാള് ചോദിക്കുന്നത്.”
ആ അവസാനത്തെ വാചകം ജോസേട്ടന്റെ അല്ലെന്നും അത് അച്ചന്റെ സ്വന്തം കൃതി ആണെന്നും മനസിലാക്കാൻ പ്രയാസമുണ്ടായില്ല.
“ഈ കാര്യത്തിൽ എനിക്ക് ജോസിനോട് മറുപടി ഒന്നും പറയാനില്ല. ഞാനും ചിലതൊക്കെ വായിച്ചു. നീ എഴുതുന്നതൊന്നും സഭയുടെ വിശ്വാസ പ്രമാണങ്ങൾക്ക് യോജിച്ച തല്ലെന്നതോ പോട്ടേ, അതിനൊന്നും യാതൊരു റെലവൻസും ഉളളതായി എനിക്ക് തോന്നുന്നില്ല.”
ഒന്നും മിണ്ടാതെ കേട്ടു നിന്നതേയുള്ളൂ. അച്ചന്റെ വെട്ടിയൊരുക്കിയ സമൃദ്ധമായ താടിയും കണ്ണിലെ തിളക്കവും വളരെ ആകർഷകമായി തോന്നി. കട്ടി ഫ്രെയിമുള്ള കണ്ണാടിയൊക്കെ വെച്ച് ആ തിളക്കം മറയ്ക്കാൻ ശ്രമിച്ചിരിക്കുന്നു.
“നീയെന്താ ഒന്നും മിണ്ടാത്തത്?”
റൂത്ത് എന്നുലാൽ വിളി മാറി ‘നീ’ എന്നായിരിക്കുന്നു.
“ഇങ്ങനെയൊക്കെ എഴുതിയിട്ട് നീ എന്ത് നേടി? മാസികയിൽ അയച്ചതൊന്നും അവരെടുത്തില്ല. കാശു മുടക്കി പ്രസിദ്ധീകരിച്ചാൽ ഇപ്പോഴാരാ പുസ്തകം വാങ്ങി വായിക്കുന്നത്? എന്റെ അഭിപ്രായത്തിൽ നീ ഈ വായനയും കൊറേ കൊറയ്ക്കണം. വേദപുസ്തകം തന്നെ വായിക്കാ നേറെയുണ്ടല്ലോ? പിന്നെ എഴുതണം എന്ന് തോന്നിയാൽ, ഞാൻ എന്നേ പറയുന്നില്ലേ ഒരാറേഴു സങ്കീർത്തനങ്ങൾ എഴുതാൻ. ആ തച്ചങ്കരി എന്നെ കാണുമ്പോഴൊക്കെ ചോദിക്കും. അതെഴുതിക്കിട്ടിയോ കിട്ടിയോന്നു. ഒരാൽബം ഇറക്കിയാൽ നല്ല പേരും കിട്ടും. ഇങ്ങനത്തെ ദുഷ്പേരല്ല. സൽപ്പേര് “
“ഇതിനെന്താ കുഴപ്പം എന്ന് എനിക്കിനിയും മനസിലായിട്ടില്ല.”
“അത്… ഉറങ്ങുന്നവനെ വിളിച്ചു ണർത്താം.ഉറക്കം നടിക്കുന്നവൻ കർത്താവ്‌ വിളിച്ചാലും ഉണരില്ല. അതാ നിന്റെ അവസ്ഥ. നിന്റെ മക്കളൊക്കെ മുതിർന്നില്ലേ. അവരൊക്കെ ഇതൊക്കെ വായിക്കില്ലേ. അവരൊക്കെ നിന്നെ കുറിച്ചെന്തു വിചാരിക്കും?”
“അതൊക്കെ സത്യമാണച്ചോ. ജോസേട്ടന്റെ തനിനിറം എനിക്കല്ലേ അറിയൂ?”
“ആ സത്യം വിളിച്ചു പറഞ്ഞാൽ നിന്റെ നഷ്ടപ്പെട്ട സ്വസ്ഥത നിനക്ക് തിരിച്ചു കിട്ടുമോ? നിന്റെ എഴുത്തു നിർത്തി യാൽ പിന്നെ നിന്നേ കുറിച്ചൊരു പരാതിയും ഇല്ലെന്നാണ് ജോസ് പറയുന്നത്.”
“അതുകൊണ്ട് എന്റെ പരാതികൾ തീരുന്നില്ലല്ലോ. ജോസേട്ടനു എന്റെ ആവശ്യമില്ല. രണ്ടു മക്കളായപ്പോഴെ എന്നെ മടുത്തു. വിത്തുകാളയെ പോലെ നാട് നിരങ്ങി നടക്കുകയാണെന്ന് മക്കൾക്കുമറിയാം. അതൊന്നും എന്റെ പരാതിയല്ലേ?”
“അതൊക്കെ ഓരോ സാമൂഹ്യ വ്യവസ്ഥിതി. നീ തത്കാലം നിന്റെ ജീവിതം നോക്ക്. ഇങ്ങനെ തല്ലും ചവിട്ടും കൊണ്ട് എത്രകാലം ജീവിക്കും?
ഈ തല്ലും ചവിട്ടും കൊണ്ട് ഞാൻ ജീവിക്കും. പിന്നെ ഒരിക്കൽ മരിക്കും. പക്ഷെ ഞാൻ മരിച്ചാലും എന്റെ അക്ഷരങ്ങൾ എനിക്ക് വേണ്ടി സംസാരിക്കും. അവ ചിലരുടെ ചിരകാല പേക്കിനാവുകളാവും
പറയാവുന്ന രീതിയിലെല്ലാം പറഞ്ഞു നോക്കി . പക്ഷെ അതൊന്നും അച്ചന്റെ മുന്നിൽ വിലപ്പോയില്ല. അച്ചന്റെ സ്നേഹമസൃണമായ നിർബന്ധത്തിനു മുന്നിൽ വഴങ്ങേണ്ടി വന്നു. ആ സുന്ദര രൂപവും ഒരു പക്ഷെ തന്നെ സ്വാധീനിച്ചി ട്ടുണ്ടാവുമോ? അറിയില്ല.
ഒന്ന് രണ്ടു തവണ പിന്നെയും അച്ചൻ ഫോണിൽ സംസാരിച്ചു. അതൊന്നും കുടുംബപ്രശ്നം പരിഹരിക്കാൻ മാത്രമായിരുന്നില്ല. അച്ചന്റെ കണ്ണുകളുടെ തിളക്കം ആ ശബ്ദത്തിലൂടെ വ്യക്തമായിരുന്നു.
എഴുത്ത് നിർത്തുവാാൻ തീരുമാനിച്ച അന്നുതന്നെ പേനയും ബുക്കും പുസ്തകങ്ങളുമൊക്കെ തീയിട്ടു.
എന്റെ ചിതയ്ക്ക് ഞാൻ തന്നെ തീ കൊളുത്തുന്നു
താര എന്നാ തൂലികാനാമത്തിലെഴുതിയ അനേകം കഥകളും കവിതകളും ഇനി ആരും വായിക്കില്ല.
റൂത്ത് ജീവിച്ചില്ല. ജീവിക്കാൻ റൂത്തിനെ അനുവദിച്ചില്ല.
അതുകൊണ്ട് ഞാൻ താരയ്ക്ക് ജന്മം കൊടുത്തു.
കഥകൾ പറഞ്ഞുകൊടുത്തും പാട്ടുപാടിക്കൊടുത്തും അവളെ വളർത്തി.
ഒരു സംരക്ഷിച്ചു. അവളെ കണ്ടെത്തിയിരുന്നെങ്കിൽ അവൾ ശൈശവത്തിലേ കൊല്ലപ്പെട്ടെനെ.
ഈ കഥകളോ കവിതകളോ ഒന്നും ഉണ്ടാകുമായിരുന്നില്ല.
തന്നിലെ എഴുത്തുകാരിക്ക് താൻ തന്നെ നല്കിയ പേര്.
താര. മരിച്ചു ജീവിക്കുന്ന തന്റെ ആത്മാവ് ആ നക്ഷത്രമാവണം എന്നൊക്കെ സ്വപ്നം കണ്ടു.
അവളെ അസൂയയോടെ നോക്കി
ആദരവോടെ വാഴ്ത്തി
സോഷ്യൽ നെറ്റ് വർക്കുകളിൽ അവൾക്കും ഒരു സ്ഥാനം ഉണ്ടാക്കിക്കൊടുത്തു.
കഥകളിലൂടെയും കവിതകളിലൂടെയും അവ ൾ വായനക്കാരുടെ മനസ്സിൽ സ്ഥാനമെടുത്തു.
അവളെ അന്യവൽക്കരിച്ച് അവളിലൂടെ സ്നേഹം എന്തെന്നറിയാൻ ശ്രമിച്ചു
അതിൽ വിജയിച്ചു
ആ കണ്മണിയുടെ ചിതയ്കാണ് ഞാനിന്നു തീ കൊളുത്തിയത്
ഉള്ളിലെ എഴുത്തുകാരിയെ എന്നെന്നേയ്കുമായി ആ അഗ്നിയിൽ ഞാൻ ഹോമിച്ചു
ആ ചിതയൊരുക്കൽ ആവശ്യമായിരുന്നു.
അല്ലായിരുന്നെങ്കിൽ ആർക്കു കൊടുത്താലും ഞാൻ എഴുത്തു നിർത്തുമായിരുന്നില്ല
അത്രമാത്രം എന്റെ ജീവിതത്തിന്റെ ഭാഗമായിപ്പോയിരുന്നു അക്ഷരങ്ങളും വാക്കുകളും പൂർണ്ണവിരാമങ്ങളും അർദ്ധവിരാമങ്ങളും ഒക്കെ.
അങ്ങിനെ രണ്ടു വർഷം
ആ രണ്ടുവർഷത്തിൽ ഉള്ളിൽ കെട്ടി പ്പൊക്കിയതു പുറം ലോകത്തെയും വെല്ലുന്ന ഒരു പ്രപഞ്ചം. മനസ്സിന്റെ ഭിത്തിയിൽ എഴുതിയും മായ്ച്ചും എത്രയെത്ര കഥയും കഥാപാത്രങ്ങളും മരണവും പ്രണയവും കലഹവും സ്വപ്നങ്ങളും നിരാശകളും. അവ വാക്കുകളുടെ ചിറകേറി ചിന്തകളാകാതിരിക്കാൻ ശ്രമിച്ചു. ചിത്രലിപികളായി അവ മനസ്സിൽ ചാപിള്ളകൾ പോലെ ജനിച്ചു മരിച്ചു.
നാല് നിറമുള്ള ഒരു ബോൾ പോയിന്റ്‌ പേനകൊണ്ട് അവയുടെയെല്ലാം അമൂർത്ത രൂപങ്ങള്‍ക്ക് നിറം കൊടുത്ത് ഒരു നോട്ട് ബുക്ക് നിറച്ചു.
കൃത്യമായി അവരെല്ലാം അതെടുത്ത് പരിശോധിച്ചു നെറ്റി ചുളിച്ചു. കുറ്റം കണ്ടെത്താൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരാശ അവരെ ഉറക്കത്തിലും കാതും തുറന്നു പ്രേരിപ്പിച്ചു.
അറിയാതെ ഒരു മൂളിപ്പാട്ടുപോലും താൻ പാടിയില്ല. മൂളലുകൾ അക്ഷരങ്ങളായി മാറുന്നതുപോലും താൻ ഭയന്നു.
എനിക്കൊരു കുടുംബമുണ്ട്. മക്കൾ മുതിർന്നവരാണ്
എനിക്ക് ചുറ്റും ഒരു സമൂഹം
അവരുടെ എല്ലാം മാന്യമായ നിലനിൽപ്പ് എന്റെ മൌനത്തെ ആശ്രയിച്ചിരിക്കുന്നു.
ഒരു വാക്ക് പോലും മിണ്ടരുത്.
അവർ കെട്ടിപ്പൊക്കിയ മാന്യതയുടെ സ്ഫടികമാളിക ഒരു വാക്ക് കൊണ്ട് പോലും തകർന്നു പോകാം
എന്റെ മക്കളും അതിലാണ് ജീവിക്കുന്നത്
“ഇനിയുമിതാവർത്തിച്ചാൽ ഞാനീ വീട്ടിനു തീയിടും. നിന്നെയെല്ലാം വെട്ടിക്കൊന്നു ചാവും. എനിക്കൊരു സൽപ്പേരൊക്കെ നാട്ടിലുണ്ട്. നിന്റെ വൃത്തികെട്ട കഥയെഴുത്തുകൊണ്ടു ഞങ്ങൾക്കാ ചീത്തപ്പേര്.”
അതെ നിങ്ങളുടെ സ്വഭാവമെന്തായാലും കാഴ്ച്ചപ്പാടുകൾ എത്ര പ്രാകൃതമായാലും സൽപ്പേര് അങ്ങിനെ തന്നെ ഇരിക്കട്ടെ.
എന്റെ പേനയിൽ നിന്നല്ല എന്റെ നാവിൽ നിന്ന് പോലും ഒരു പൂർണ്ണ വാചകം നിങ്ങൾ ആരുമിനി കേൾക്കില്ല.
അതെ. അല്ല. ചെയ്യാം. ചെയ്യില്ല. ശ്രദ്ധിക്കാം.
പരിമിതമായ ശബ്ദകോശം. അതിൽ ഞാനെന്നെ തളച്ചിട്ടു
എന്നിട്ടും…
അങ്ങകലെ കൽക്കട്ടയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരിംഗ്ലീഷ് വാരിക മുഖത്ത് വലിച്ചെറിഞ്ഞു മകൻ ചോദിക്കുന്നു
“അമ്മയിതെന്തു ഭാവിച്ചാ?”
കോടതിയിലെ പ്രതിക്കൂട്ടിൽ നില്ക്കുന്ന കൊലപ്പുള്ളി കുറ്റപത്രം വായിച്ചു നോക്കുന്നത് പോലെ താളുകൾ മറിച്ചു നോക്കുമ്പോൾ പ്രസിദ്ധനായ മലയാളി സാഹിത്യകാരന്റെ കഥ
അതിന്റെ ഇംഗ്ലീഷ് തർജ്ജമയാണ്
മൈനസ് നാല് ഡിഗ്രി
മഞ്ഞു പോലെ മരവിച്ച ദാമ്പത്യത്തിന്റെ കഥ.
റൂത്തും ജോസും
മക്കളുടെ പേരിലും നല്ല സാമ്യം
മക്കളുടെ മുന്നില്‍ വെച്ചാണ് ജോസേട്ടനും തന്റെ ഇളയ അനിയനും ചേർന്നു തന്നെ തല്ലിച്ചതച്ചത്
വായിൽ നിന്നും ചീറ്റി തെറിക്കുന്ന ഉപ്പുരസമുള്ള ചോര
പണ്ട് ജോസേട്ടന്റെ തല്ലുകൊണ്ട് കേൾവി ശക്തി നഷ്ടപ്പെട്ട വലതു കാതിൽ വീഴുന്ന ശബ്ദമില്ല്ലാത്ത ആഘാതങ്ങൾ
ഒന്നിന് പിറകെ ഒന്നായി.
അന്നാദ്യമായി ദൈവത്തെ വിളിച്ചു കരഞ്ഞു.
“എന്തിനെന്നെ ഇങ്ങനെ ശിക്ഷിക്കുന്നു?”
നാലുദിവസം അവശയായി മുറിയിൽ കിടന്നു. ഒന്നും കഴിച്ചില്ല
അഞ്ചാംനാൾ മരുമകൾ വന്ന് കുറച്ചു കഞ്ഞി കോരിത്തന്നു
അവളുടെ ചുണ്ടിലും ചില ചോദ്യങ്ങൾ ഊറി നിന്നിരുന്നു.
“എങ്ങനെ മമ്മ കഥ പുറത്തെത്തിച്ചു? മമ്മയ്ക്കു ഫോണ്‍ പോലുമില്ലല്ലോ. ആരും സന്ദർശകരുമില്ല. എന്റെ പേരെങ്കിലും ഒന്ന് മാറ്റിക്കൊടു ക്കാമായിരുന്നില്ലേ?”
അടുത്തത് ജോസേട്ടന്റെ ഊഴമായിരുന്നു.
ഒരാഴ്ച കഴിഞ്ഞിട്ട്.
പതിവിലധികം മദ്യപിച്ച് രാത്രിയിൽ കുടിക്കാനുള്ളതും വാങ്ങി വന്ന ജോസേട്ടന്റെ കയ്യിൽ മാതൃഭൂമി ആഴ്ച്ചപ്പത്തിപ്പ് കണ്ടപ്പോൾ കൌതുകം തോന്നി. അറിയാതെ അതിനായി കൈ നീട്ടി.
കരണത്ത് വീണ അടിയോടൊപ്പം ഒരു ചോദ്യവും അതിന്റെ പ്രതിധ്വനിയും കാതിൽ വന്നലച്ചു
വലതു കാതിൽ.
അനിയന് ഇടതു കയ്യാണ് വാക്ക്. കൊച്ചിലേ അവനെ എടുത്തു കൊണ്ട് നടന്നപ്പോൾ ഞാനാണ് അത് ആദ്യമായി ശ്രദ്ധിച്ചത്
ആ കൈ കൊണ്ടാണ് കഴിഞ്ഞയാഴ്ച അവനെന്റെ വലതുകവിൾ തല്ലിത്തകർത്തത്. ഇതിപ്പോൾ വലതു കവിൾ
ജോസേട്ടനു ഇടതുകയ്യാണ് വാക്ക്.
“ആരാടീ ഈ മാധവൻ തച്ചത്ത്?”
ഉത്തരം പ്രതീക്ഷിച്ചുള്ള ചോദ്യമായിരുന്നില്ല.
കാലുയർത്തി ചവിട്ടാനുള്ള വായ്ത്താരി മാത്രം.
ചവിട്ടുകൊണ്ട് തറയിൽ വീണുപോയി.
മാസിക തുറന്നു ജോസെട്ടാൻ കഥ മക്കളെ വായിച്ചു കേൾപ്പിക്കുന്നു
മാധവാൻ തച്ചത്ത് എഴുതിയ കഥ. റൂത്ത് എന്ന കുടുംബിനിയുടെ നിശ്വാസങ്ങൾ നിറഞ്ഞ കഥ
ഒരു ഖണ്ഡിക വായിച്ച് ജോസേട്ടൻ മാസിക വലിച്ചെറിഞ്ഞു. അടുത്ത് വന്നു വീണ മാസികയിൽ അപരിചിതനായ കഥാകൃത്തിന്റെ മുഖം
രാത്രിയിൽ പിന്നെയും മക്കൾ ഉറങ്ങിയെന്നു വരുത്തിയ ശേഷം ക്രൂരമായ മർദ്ദനം. ഒരാച്ചയ്ക്ക് ശേഷം തന്നെ വീട്ടില് തനിച്ചാക്കി സിനിമയ്ക്ക് പോയവർ ഉടനെ മടങ്ങി വന്നു. സിനിമയുടെ ആദ്യ ഭാഗം മാത്രമേ അവർ കണ്ടുള്ളൂ. വന്നയുടനെ മക്കൾ മുറിയിൽ കയറി കതകടച്ചു.
ജോസെട്ടൻ വീണ്ടും പുറത്തു പോയി. കുറെ കഴിഞ്ഞു മടങ്ങി വന്നു. ഉറക്കത്തിൽ നിന്നും ഉണർത്താതെ മർദ്ദിച്ചു. കാരണമില്ല. ചോദ്യങ്ങളില്ല. ഉത്തരങ്ങളില്ല്ല.
പിറ്റേന്നു രാവിലെ മുറിവുകൾ വെച്ചു കെട്ടുമ്പോൾ മകൾ കണ്ണ് തുടച്ചു കൊണ്ട് ചോദിക്കുന്നു
“അമ്മയ്ക്കെന്താ പറ്റീത്? രണ്ടു വർഷം ഇതെല്ലം നിർത്തി വെച്ചതല്ലേ?”
“ഏതൊക്കെ?”
“അമ്മയൊന്നുമറിയാാത്തതുപോലെ സംസാരിക്കരുത്. കലാകൌമുദിയിൽ വന്ന കവിതയും ഞാൻ വായിച്ചു. അച്ഛനോട് പറഞ്ഞില്ലെന്നെ ഉള്ളൂ “
“ആരെഴുതിയത്?”
“രാജമല്ലി എന്ന പേര് വെച്ചു അമ്മ തന്നെ എഴുതിയത്. റൂത്തിന്റെ കഥ. കവിതയായി. അതും അശ്ലീലം തന്നെ. ഭാഗ്യം എന്റെ ഫ്രെണ്ട്സി നൊന്നും അമ്മയുടെ പേരറിയില്ല”
“മോളേ ഞനൊന്നുമെഴുതാറില്ല. നിനക്കറിയില്ലേ?”
“എങ്കിൽ അമ്മയ്ക്ക് വേണ്ടി മറ്റാരോ എഴുതുന്നു, അമ്മ പ്രോത്സാഹിപ്പിക്കുന്നു.”
“എങ്ങിനെ?”
“മലയാളത്തിൽ വന്ന കഥ നോക്കൂ.”
“ഞാൻ കണ്ടില്ലല്ലോ”
“ഞാനതെടുത്ത് ഒളിച്ചു വെച്ച്. ഈ തല്ലൊക്കെ വാങ്ങുന്നത് കണ്ടുനില്ക്കുന്നതും പാടാ. ഞാൻ വഴക്കുണ്ടാക്കിയാണ് ഇന്നലെ സിനിമ തുടങ്ങിയ ഉടനെ തീയേറ്ററിൽ നിന്ന് ഇറങ്ങിപ്പോന്നത്. ഈശ്വരാ അതെല്ലാം കൂടെ കണ്ടിരുന്നെങ്കിൽ അച്ഛൻ ഇന്നലെ ഈ വീട് കത്തിച്ചേനെ “
അതിലെ കഥാപാത്രത്തിന്റെ പേരു കേട്ടിട്ടാകണം അവരെല്ലാം കൂടി അത് കാണാൻ പോയത് എന്ന് തോന്നിയിരുന്നു.
എങ്ങിനെയാണ് തീരെ അറിയപ്പെടാത്ത തന്റെ ജീവിതത്തിൽ പെട്ടെന്ന് ലോകത്തുള്ളവർക്കെല്ലാം ഒരു താത്പര്യം വന്നത്?
കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ പുസ്തകത്തിന്റെ പേരു പത്രത്തിൽ കണ്ടപ്പോഴേ പത്രമെടുത്ത് മാറ്റി വെച്ചു ആരൊക്കെയോ എന്റെ ജീവിതം വിവിധരീതികളിൽ വെളിച്ചത്ത് കൊണ്ടുവരാൻ പണിപ്പെടുന്നു. അതെന്റെ മരണത്തിലേയ്ക്കാണ് എന്നെ നയിക്കുന്നതെന്ന് അവർ അറിയുന്നേയില്ല
ഏതോ പ്രേതത്തിന്റെ പിടിവാശി നിറഞ്ഞ സാന്നിധ്യം പോലെ സാഹിത്യം എന്റെ ജീവിതത്തിലെ മാറാരോഗമായിത്തീരുന്നു. മക്കൾക്കെല്ലാം അമ്മയോട് വെറുപ്പായി
എങ്ങിനെയാണ് അമ്മ ഈ കഥകളൊക്കെ ഇവരെക്കൊണ്ട് എഴുതിക്കുന്നതെന്ന് ഇവരാരും ചോദിക്കുന്നില്ല.
എന്തിനാണു അമ്മ ഇങ്ങനെ വിഴുപ്പലക്കി ഞങ്ങളുടെ ജീവിതം നശിപ്പിക്കുന്നത് എന്നാണ് അവരുടെ ചോദ്യം.
ഒരു കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഇല്ലാതെ ഒരു പോസ്റ്റ്‌ കാർഡ് പോലും വാങ്ങാൻ ആകാതെ കിടക്ക മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ ഒരു മനോരോഗിയെപ്പോലെ പൂട്ടിയിട്ടിരിക്കുകയാണ് എന്നെ എന്ന് അവർ ഓര്‍ക്കുന്നില്ല.
എന്റെ അക്ഷരങ്ങളും വാക്കുകളും എന്നെ എനിക്കന്യമായി കഴിഞ്ഞെന്നു അവർ ചിന്തിക്കുന്നില്ല.
തല്ലുകൊണ്ട് താടിയെല്ല് പൊട്ടി ഒരക്ഷരം പോലും മിണ്ടാനാവാത്ത ഒരു വെറും മാംസപിണ്ഡമല്ലെ ഞാൻ.
അടുത്ത മുറിയിൽ അവർ ഒരു മേശയ്ക്കു ചുറ്റുമിരുന്നു ഭാവി പരിപാടികൾ ആലോചിക്കുകയാണ്
“അളിയാ, അവളാത്മഹത്യ ചെയ്യുന്നതുവരെ കാത്തിരുന്നാൽ അളിയൻ കുരുങ്ങും.”
മദ്യത്തിന്റെ രൂക്ഷഗന്ധമുള്ള വാക്കുകൾ. അനിയനാണ്. നിയമം പഠിച്ചവൻ.
“വല്ല കത്തോ കുറിപ്പോ വല്ലോം എഴുതി വെച്ചിട്ടു അവൾ തൂങ്ങിയാൽ അളിയനും തൂങ്ങും. ഞാൻ വിചാരിച്ചാൽ പുഷ്പം പോലെ അളിയനെ ഇങ്ങിറക്കിക്കൊണ്ടു വരും. പക്ഷെ അതൊക്കെ റിസ്കാ.”
“അവളങ്ങിനെ ചാവണ്ടാ. എനിക്കവളെ ഇഞ്ചിഞ്ചായി കൊല്ലണം.”
“ദേ അളിയാ അവളെന്റെ ചേച്ചിയാ. അളിയനിങ്ങനെ അവളെ കൊല്ലാക്കൊല ചെയ്യുന്നത് കണ്ടുനില്ക്കാൻ ഞാനില്ല. അതുകൊണ്ട് ഞാനൊരു കാര്യം പറയാം…ഇങ്ങനെ കെടന്നാലും ഇനി അവളെഴുന്നേറ്റു നടക്കുമെന്നൊന്നും തോന്നുന്നില്ല.. അതുതന്നെ കാര്യം … അളിയനതങ്ങ് നടത്ത്. . അതിനൊക്കെ നമുക്ക് ആളൊണ്ടളിയാ. ശവം പോലും കാണത്തില്ല. വല്ലവന്റേംകൂടെ ഒളിച്ചോടിയെന്നും പറഞ്ഞു നമുക്ക് കേസും കൊടുക്കാം.”
“അതൊന്നും നടക്കുന്ന കാര്യമല്ലളിയാ.”
“ദേ നോക്ക്. അളിയാ… അത് ഈ ഞാൻ നടത്തിത്തരും. അളിയന് ഞാൻ തരാനൊള്ള കാശ് തരാത്തോണ്ടാ അളിയനെന്റെ വാക്കിനു ഒരു വെലയും ഇല്ലാത്തതെന്നെനിക്കറിയാം. അതുപോലല്ല ഇത്. ഇതേ ….. ഇതെന്റെ ഡിപ്പാർട്ട്മെന്റാ…”
പുഴയ്കരികിലെ ഒന്നര ഏക്കർ സ്ഥലം അച്ഛൻ ഭാഗം വെക്കാതെ മാറ്റി വെച്ചത്കൊണ്ട് ഇങ്ങനെ ഒരു നേട്ടം ഉണ്ടായി. അനിയത്തിക്ക് ഇതിലൊന്നും താത്പര്യം ഇല്ലാത്തതു ഇനി അത് ഭാഗം വെയ്ക്കേണ്ടി വരില്ല. ഒരേ ഒരവകാശി ബാക്കിയാവുന്നു.
മനസ്സറിയാതെ ആ പുഴക്കരയിലെ പഴ്മരങ്ങളിൽ കൂടു കൂട്ടിയ തൂക്കണാം കുരുവിളോടൊപ്പം പോകുന്നു.
അടുത്ത മുറിയിൽ അവർ രാകി മിനുക്കുന്നത് എനിക്കുള്ള കത്തിയാണെന്നെനിക്കറിയാം.
അവർ തന്ന പാല് കുടിച്ചിട്ട് അതേ പടി ഛർദ്ദിച്ചു കളഞ്ഞത് കൊണ്ടാണ് ഇതൊക്കെ അറിയാനും ചിന്തിക്കാനും കഴിയുന്നത്‌.
ജീവിതത്തിൽ ഒരിക്കൽ മാത്രം വരുന്ന ഈ അതിഥിയെ നന്നായി നേരിൽ കാണണം.
പത്തായപ്പുരയിൽ തേങ്ങ ഇരിക്കുന്ന ചാക്കും ആരോ ഒഴിച്ചെടുക്കുന്നു.കത്തി ഒരുറപ്പിനു മാത്രം. എന്റെ മുഖത്ത് തലയിണ വെച്ചമർത്തണമെന്നാണ് നിർദ്ദേശം.
കഷ്ടം! എന്താണു ഇവർക്ക് ഇത്രയും വ്യക്തമായ സത്യം കാണാൻ കഴിയാത്തത്?
ഈ റൂത്തിനെ കൊന്നിട്ട് നിങ്ങൾക്കൊന്നും നേടാനില്ല.
ഞാനാണ് എന്റെ മരണത്തിലൂടെ ജയിക്കുന്നത്. നിങ്ങളല്ല.
റൂത്തിന്റെ ഉള്ളിലെ അഗ്നി അതിന്റെ കൂട്ടുകാരെ തേടി എന്നെ നടയിറങ്ങിക്കഴിഞ്ഞു.
ഈ മരണം നിങ്ങളെനിക്ക് തരുന്ന വരദാനം
എന്റെ വേദനകളിൽ നിന്നും നിത്യമോചനം.
നിങ്ങൾക്കൊരു ബാധയൊഴിക്കൽ.
എല്ലാവർക്കും സമ്മതമായ ഒരു ഉത്തരം.
പുഴക്കരയിലെ തൂക്കണാം കുരുവികൾ മാത്രം വേറെ സ്ഥലമന്വേഷിച്ച് പോകേണ്ടി വരും
ജീവിതത്തിന്റെ മുനമ്പിനു തൊട്ടടുത്ത് എത്തിയിട്ടാകാം പലതും വ്യക്തമാവുന്നു.
അന്ന് ബുക്കും പുസ്തകവുമെല്ലാം തീയിട്ടപ്പോൾ ഞാൻ കണ്ടതാണ്. ആ ചിതയിൽ നിന്ന് മിന്നാമിന്നികൾ നാലുപാടും ചിതറിപ്പറക്കുന്നു. അവയിലൊന്ന് നാല് വയസുള്ള എന്റെ പേരക്കുട്ടിയുടെ ജനാലയ്ക്കു ചുറ്റും പറന്നു നടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു
അവളുടെ കണ്ണുകളിൽ ആ പ്രകാശത്തിന്റെ കണികകൾ ഞാൻ കണ്ടിട്ടുണ്ട്. ആ പ്രകാശമാണ് നിങ്ങൾ ഊതിക്കെടുത്തേണ്ടത്. അതിന്റെ വെളിച്ചമാണ് നാളെ നിങ്ങളുടെ കണ്ണുകളെ മഞ്ഞളിപ്പിക്കുവാൻ പോകുന്നത്.
മതി, ഈ തലയിണ മതിയാവും.
ഞങ്ങളുടെ ആദ്യരാത്രിയിലും ഇതുപോലൊരു തലയിണയിലാണു എന്റെ നാണം നിറഞ്ഞ മുഖം ഞാനൊളിപ്പിച്ചു വെച്ചത് .
മരണദേവനാണ് എന്റെ അവസാനത്തെ ചുംബനം. അവസാനശ്വാസവും കവർന്നെടുത്ത് എന്നെ ഒരിക്കലും ഒടുങ്ങാത്ത രതിക്രീഡയ്ക്ക് കൂട്ടിക്കൊണ്ടുപോകാനും ഒരു തലയിണ തന്നെ.
ഇനി ഈ ലോകം എന്റെയല്ല.